ഷില്ലോംഗ്: മേഘാലയയിലെ കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 25 ആയി. ഇന്നലെ ഏഴു മൃതദേഹങ്ങൾകൂടി കണ്ടെടുത്തു.
ഇതിനിടെ സ്ഫോടനവുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തു. ഈസ്റ്റ് ജയന്തിയ ജില്ലയിലെ ഖനിയിൽ വ്യാഴാഴ്ചയായിരുന്നു സ്ഫോടനം. മരിച്ചവരിൽ 12 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്നലെ രാവിലെ പുനരാരംഭിച്ച തെരച്ചിലിനു സഹായമായി സൈന്യവുമുണ്ടായിരുന്നു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം രൂപ വീതം കേന്ദ്രസർക്കാരും മൂന്നു ലക്ഷം രൂപവീതം സംസ്ഥാന സർക്കാരും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി കോൺറാഡ് കെ. സാഗ്മ പറഞ്ഞു.